Tuesday, February 13, 2007

നിരൂപകന്റെ വെപ്പുപല്ല്

ഇതാണോ കവിത ?
കവിതയ്ക്ക്‌ വൃത്തം വേണ്ടേ ?
വൃത്തമില്ലെങ്കിലൊരു ചതുരമെങ്കിലും ?
ഇതില്‍ ചതുരം പോയിട്ടൊരു ത്രികോണം പോലുമില്ല
കവിതയില്‍ ജീവിതം വേണം
ജീവിക്കാന്‍ മറന്നെങ്കില്‍
‍കവിതയും മറന്നുകൂടായിരുന്നോ ?
കവിത വായിച്ചാല്‍ കരച്ചില്‍ വരണം
കണ്ണുനീര്‍ വറ്റിയാല്‍ കവിത വളരരുത്‌, വരളണം
കവിതയില്‍ ചിരി വേണം
ചിരിക്കാനറിയില്ലെങ്കില്‍ കവിക്കാനുമറിയണ്ട
കവിതയില്‍ 'ക' വേണം
ഇതില്‍ കാ പോയിട്ടൊരു പൂ പോലുമില്ല
കവിതയായാല്‍ 'വിത' വേണം
വിതച്ചാലേ കൊയ്യാനാവൂ
കവിത എഴുതാന്‍ വാസന വേണം
വാസനസോപ്പു തേച്ചു കുളിക്കണം
കുളിക്കാത്തവന്റെ കവിത കവിതയേയല്ല
ഇതു കവിതയാണു പോലും !
പ്‌ഫ്‌ഭ ! അവന്റെയൊരു കവിത !
( അണിയറയില്‍ നിന്ന് )"
എന്താണ്‌ ഗുരുജീ ഒരു കിലുങ്ങണ ശബ്ദം ?"
"നിരൂപകന്റെ വെപ്പുപല്ല് തെറിച്ചുപോയതാണേ ! ക്ഷമി !"

Thursday, January 11, 2007

സമാന്തര രേഖകള്‍ കൂട്ടി മുട്ടും

സമാന്തര രേഖകള്‍ കൂട്ടിമുട്ടില്ല പോലും
പക്ഷെ, എട്ട്‌-ബി യിലെ ശ്രീരേഖയ്ക്ക്‌ പ്രതീക്ഷയുണ്ട്‌
രേഖകള്‍ നീട്ടി നീട്ടി ഒരു നാള്‍ കൈകള്‍ കുഴയും
മുകളിലത്തെ രേഖ താഴോട്ടു വളയും
താഴത്തെ രേഖ മുകളിലോട്ടും
ഒരു നാള്‍ അവ കൂട്ടി മുട്ടും
കണക്കുസാറിന്റെ തിയറങ്ങള്‍ തെറ്റും
ആള്‍ട്ടര്‍നേറ്റ്‌ ഇന്റീരിയര്‍ ആംഗിളുകള്‍ തുല്യമല്ലാതാകും
കണക്കു പരീക്ഷയ്ക്ക്‌ പാസുമാര്‍ക്കു കിട്ടും
പിന്നെ ജീവിതത്തിലെ പാസുമാര്‍ക്കിനെ പേടിച്ചാല്‍ മതി
അവള്‍ക്കപ്പോള്‍ സ്വന്തം ഭാഗ്യരേഖകള്‍ മാത്രം നോക്കിയിരിക്കാം
ദാരിദ്ര്യ രേഖയെങ്ങാനും വളഞ്ഞുവന്നതില്‍
കൂട്ടിമുട്ടാതെ നോക്കിയാല്‍ മതി
എട്ട്‌-ബി യിലെ ശ്രീരേഖയ്ക്ക്‌ ‌പ്രതീക്ഷയുണ്ട്‌
ജീവിതത്തിന്റെ കണക്കുകള്‍ ശരിയാകും
തിയറങ്ങള്‍ തെറ്റാതിരിക്കും

Monday, December 11, 2006

പ്രാവിനെ ആവശ്യമുണ്ട്‌

സമാധാന റാലിയ്ക്കു പറത്താനൊരു
സമാധാനപ്രാവിനെക്കിട്ടഞ്ഞിട്ടൊരു സമാധാനമില്ല
സമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !
'നല്ലയിനം പ്രാവുകള്‍ വില്‍പനയ്ക്കെ'ന്ന ബോര്‍ഡുകണ്ട്‌ കയറിയപ്പോഴോ ?
'പ്രാവ്‌ സ്റ്റോക്കില്ല സാര്‍, നാടന്‍ കോഴി രണ്ടു കിലോയുടെ ഒരെണ്ണമെടുക്കട്ടേ ?
'പോരേ സമാധാനമാകാന്‍ !
ഇനിയൊരു സമാധാനപ്രാവിനെ ഓടിച്ചിട്ടുപിടിച്ച്‌ കഥ പറഞ്ഞാല്‍
ഉള്ള സമാധാനവും പോകും
ഓടിയോടി കാലിന്റെ ജോയിന്റു പോയതു മിച്ചം
ഈ സമാധാനപ്രാവിനൊന്ന് സമാധാനമായിരുന്നു തന്നാലെന്താ
ഒടുവിലൊരു സമാധാനപ്രാവിനെ പിടിച്ചു കെട്ടിയിട്ടിട്ടെന്തായി ?
തീരെ സമാധാനപ്രിയയല്ലാത്തൊരു പൂച്ച വന്ന്
സമാധാനത്തെ ശാപ്പിട്ടു കളഞ്ഞു
(പൂച്ചയ്ക്ക്‌ സമാധാനമായിട്ടുണ്ടാവും)
ഇനി സമാധാനക്കാരോടെന്തു സമാധാനം പറയും ?
സമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !
ഈ സമാധാനമില്ലായിരുന്നെങ്കിലെന്തു സമാധാനമായേനേ.

Wednesday, December 6, 2006

പച്ച വെള്ളത്തിന്റെ നിറം

ഞങ്ങള്‍ ദിവസവും കുളിക്കാറുണ്ട്‌
സ്വന്തം വിയര്‍പ്പിലാണ്‌ മുങ്ങിക്കുളി
നിറമുള്ള വസ്ത്രമേ ധരിക്കാറുള്ളൂ
ചെമ്മണ്ണിന്റെ നിറമുള്ളവ
ഞങ്ങളുടെ പെണ്ണുങ്ങള്‍ക്ക്‌ നല്ല നിറമാണ്‌
കാക്കക്കറുപ്പു തോറ്റുപോകും
ഞങ്ങള്‍ ആണുങ്ങള്‍ നല്ല പാട്ടു പാടും
അന്തിക്കള്ള്‌ തലയ്ക്കു പിടിക്കണം
ഞങ്ങള്‍ നന്നായി ചിത്രമെഴുതും
ചോരച്ചെമപ്പു കണ്ണീരില്‍ ചാലിച്ച്‌
ഞങ്ങളുടെ കുട്ടികള്‍ കണക്കില്‍ കേമന്മാര്‍
ഉച്ചക്കഞ്ഞി ദിനങ്ങളവരെണ്ണിയെണ്ണിപ്പറയും
ഞങ്ങടെ വീട്ടിലുമുണ്ടൊരു മഴവെള്ളസംഭരണി
മേല്‍ക്കൂര ചോരുമ്പോള്‍ വെള്ളം പിടിക്കാന്‍
ഞങ്ങള്‍ക്കൊരു നേരം ഭക്ഷണം നിര്‍ബന്ധം
പച്ച വെള്ളമായാലും മതി

Wednesday, November 29, 2006

യുദ്ധവും സമാധനവും

പ്രാവൊരു ഉറക്കം തൂങ്ങിപ്പക്ഷിയാണെന്നാരാണു പറഞ്ഞത്‌ ?
പ്രാവും കാക്കയുമായി യുദ്ധം ചെയ്തതിനു ഞാന്‍ സാക്ഷിയാണ്‌
അതും ഒരു തണുത്ത ബിസ്കറ്റ്‌ കഷണത്തിനു വേണ്ടി
പക്ഷെ, ഞാന്‍ കാക്കയുടെ പക്ഷത്തായിരുന്നു.
ഈ നാശം പിടിച്ച പ്രാവായിരുന്നല്ലോ
എന്റെ വെളുത്ത ഷര്‍ട്ടില്‍ കാഷ്ടിച്ചു വെച്ചത്‌
മകനൊരു നേതാവ്‌, അവന്‍ പ്രതികരിച്ചതിങ്ങനെ -
"അച്ഛാ, പ്രാവ്‌ സമാധാനത്തിന്റെ പ്രതീകമാണ്‌,
ലോകസമാധാനം നീണാള്‍ വാഴണ്ടേ ?"
"മോനെ, ബസ്സിനു കല്ലെറിഞ്ഞതിനു നിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചോടാ"
കോളേജ്‌ ഗേള്‍ മോള്‍ക്കിതൊരു സിനിമാപ്പടം - കാക്ക ! കാക്ക !!
പെണ്ണേ നിന്റെ പാവാടയുടെ ഇറക്കമിനിയും കുറയ്ക്കല്ലേടീ സാനിയാ മിര്‍സേ !
"കുഞ്ഞുമോന്‍ വീരേന്ദ്ര സെവാഗൊരു നഴ്‌സറിപ്പാട്ടുദ്ധരിച്ചു -
"അയ്യോ കാക്കേ പറ്റിച്ചോ "
"മക്കളേ കാക്ക പ്രകൃതിയുടെ തോട്ടിയാണ്‌" ഭാര്യ സഹായത്തിനെത്തി. ( ഇപ്പോഴാണവളൊരു യഥാര്‍ഥ ഭാര്യയായാത്‌)
യുദ്ധം തീരാനിതൊന്നും പോരായിരുന്നു, യുദ്ധം തുടര്‍ന്നു.
ഒടുവില്‍ യുദ്ധത്തില്‍ ജയിച്ചതോ ?
അയല്‍ക്കാരന്‍ ശത്രുവിന്റെ പൂവന്‍കോഴിയും.
ഇതാണല്ലോ ഇന്നത്തെ ലോകക്രമം !

Thursday, November 23, 2006

മഴയ്ക്കുമുണ്ട്‌ ഏറെ പറയാന്‍.
"ഈ നാശം പിടിച്ച മഴ"യെന്ന് പ്‌രാകാന്‍ വരട്ടെ.
ഇന്നലെ നിങ്ങള്‍ പറഞ്ഞതോര്‍മ്മയുണ്ടോ ?
ഒരു ചെറിയ മഴയെങ്കിലും പെയ്തെങ്കിലെന്ന് !
നിങ്ങള്‍ക്ക്‌ പറഞ്ഞതൊക്കെ മാറ്റിപ്പറയാന്‍ ഉളുപ്പില്ലെന്നറിയാം.
ഓര്‍മ്മയുണ്ടോ ?
നിങ്ങളൊക്കെ ജനിക്കുന്നതിനേറെ മുന്‍പത്തെ കഥ പറഞ്ഞുകേട്ടിട്ടെങ്കിലുമുണ്ടോ ?
തോരാത്ത മഴയായിരുന്നു.
ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍, നീണ്ടുനിന്ന മഴ !
ആയിരമല്ല, ലക്ഷം വര്‍ഷങ്ങള്‍
‍മഴ, പെരുമഴ , പ്രളയം..
ഓര്‍മ്മയില്ലേ,
ആലിലയില്‍ കാല്‍വിരല്‍ നുണഞ്ഞുകിടന്ന ഉണ്ണിയെ ?
സമസ്ത ജീവജാതിയിലും ഓരോ ജോടിയെ - ആണൊന്ന്, പെണ്ണൊന്ന് - പേടകം പണിഞ്ഞതിനാക്കി കാത്തുരക്ഷിച്ച നോഹയെ ?
പ്രളയം തീരാറായോയെന്ന് പറന്നുചെന്നു നോക്കിയ ചെറുകിളിയെ ?
ഓര്‍ക്കേണ്ടത്‌ മറക്കുകയും മറക്കേണ്ടത്‌ ഓര്‍ക്കാനും
നിങ്ങളെ ആരും പഠിപ്പിക്കണ്ടല്ലോ.
ഇന്നലെ മണ്ണുണങ്ങി, വിണ്ടുകീറി,
കണ്ണുനീരിനു പോലും വെള്ളമില്ലാതെ
തൊണ്ട വരണ്ട്‌ വയറു കത്തി, ഉഛ്വാസം പോലും തീക്കാറ്റായി
കൊടുംപാപിയെ കെട്ടിവലിച്ച്‌,
തവളക്കല്യാണം നടത്തി,
ഒരു തുള്ളിയെങ്കിലും മാനത്തു നിന്നും പൊട്ടിവീഴാന്‍ കാത്തിരുന്നത്‌ മറന്നുപോയോ ?
ഒടുവില്‍
മാനം കറുത്ത്‌
കാറ്റു വീശി,
ഇടിവെട്ടി
ആലിപ്പഴം പൊഴിച്ച്‌
ചന്നംപിന്നം തുടങ്ങി,
മഴ പെരുമഴയായപ്പോള്‍
പുതുമണ്ണിന്റെ ഗന്ധമുയര്‍ന്നപ്പോള്‍നൃത്തം ചവിട്ടിയതാരാണ്‌ ?
ഇത്ര വേഗം മറന്നുവോ മഴ തന്ന അനുഭൂതികള്‍ ?
വരട്ടെ, മഴയെ ശപിക്കാന്‍ വരട്ടെ
എന്ന്സ്വന്തം
മഴത്തുള്ളി

Wednesday, November 22, 2006

മഴ ജീവന്റെ നിലനില്‍പ്പിന്‌, മഴയ്ക്ക്‌ ജീവനുണ്ടോ ? മഴയില്ലെങ്കില്‍ ജീവനുണ്ടോ?