Tuesday, February 13, 2007

നിരൂപകന്റെ വെപ്പുപല്ല്

ഇതാണോ കവിത ?
കവിതയ്ക്ക്‌ വൃത്തം വേണ്ടേ ?
വൃത്തമില്ലെങ്കിലൊരു ചതുരമെങ്കിലും ?
ഇതില്‍ ചതുരം പോയിട്ടൊരു ത്രികോണം പോലുമില്ല
കവിതയില്‍ ജീവിതം വേണം
ജീവിക്കാന്‍ മറന്നെങ്കില്‍
‍കവിതയും മറന്നുകൂടായിരുന്നോ ?
കവിത വായിച്ചാല്‍ കരച്ചില്‍ വരണം
കണ്ണുനീര്‍ വറ്റിയാല്‍ കവിത വളരരുത്‌, വരളണം
കവിതയില്‍ ചിരി വേണം
ചിരിക്കാനറിയില്ലെങ്കില്‍ കവിക്കാനുമറിയണ്ട
കവിതയില്‍ 'ക' വേണം
ഇതില്‍ കാ പോയിട്ടൊരു പൂ പോലുമില്ല
കവിതയായാല്‍ 'വിത' വേണം
വിതച്ചാലേ കൊയ്യാനാവൂ
കവിത എഴുതാന്‍ വാസന വേണം
വാസനസോപ്പു തേച്ചു കുളിക്കണം
കുളിക്കാത്തവന്റെ കവിത കവിതയേയല്ല
ഇതു കവിതയാണു പോലും !
പ്‌ഫ്‌ഭ ! അവന്റെയൊരു കവിത !
( അണിയറയില്‍ നിന്ന് )"
എന്താണ്‌ ഗുരുജീ ഒരു കിലുങ്ങണ ശബ്ദം ?"
"നിരൂപകന്റെ വെപ്പുപല്ല് തെറിച്ചുപോയതാണേ ! ക്ഷമി !"

Thursday, January 11, 2007

സമാന്തര രേഖകള്‍ കൂട്ടി മുട്ടും

സമാന്തര രേഖകള്‍ കൂട്ടിമുട്ടില്ല പോലും
പക്ഷെ, എട്ട്‌-ബി യിലെ ശ്രീരേഖയ്ക്ക്‌ പ്രതീക്ഷയുണ്ട്‌
രേഖകള്‍ നീട്ടി നീട്ടി ഒരു നാള്‍ കൈകള്‍ കുഴയും
മുകളിലത്തെ രേഖ താഴോട്ടു വളയും
താഴത്തെ രേഖ മുകളിലോട്ടും
ഒരു നാള്‍ അവ കൂട്ടി മുട്ടും
കണക്കുസാറിന്റെ തിയറങ്ങള്‍ തെറ്റും
ആള്‍ട്ടര്‍നേറ്റ്‌ ഇന്റീരിയര്‍ ആംഗിളുകള്‍ തുല്യമല്ലാതാകും
കണക്കു പരീക്ഷയ്ക്ക്‌ പാസുമാര്‍ക്കു കിട്ടും
പിന്നെ ജീവിതത്തിലെ പാസുമാര്‍ക്കിനെ പേടിച്ചാല്‍ മതി
അവള്‍ക്കപ്പോള്‍ സ്വന്തം ഭാഗ്യരേഖകള്‍ മാത്രം നോക്കിയിരിക്കാം
ദാരിദ്ര്യ രേഖയെങ്ങാനും വളഞ്ഞുവന്നതില്‍
കൂട്ടിമുട്ടാതെ നോക്കിയാല്‍ മതി
എട്ട്‌-ബി യിലെ ശ്രീരേഖയ്ക്ക്‌ ‌പ്രതീക്ഷയുണ്ട്‌
ജീവിതത്തിന്റെ കണക്കുകള്‍ ശരിയാകും
തിയറങ്ങള്‍ തെറ്റാതിരിക്കും