Thursday, January 11, 2007

സമാന്തര രേഖകള്‍ കൂട്ടി മുട്ടും

സമാന്തര രേഖകള്‍ കൂട്ടിമുട്ടില്ല പോലും
പക്ഷെ, എട്ട്‌-ബി യിലെ ശ്രീരേഖയ്ക്ക്‌ പ്രതീക്ഷയുണ്ട്‌
രേഖകള്‍ നീട്ടി നീട്ടി ഒരു നാള്‍ കൈകള്‍ കുഴയും
മുകളിലത്തെ രേഖ താഴോട്ടു വളയും
താഴത്തെ രേഖ മുകളിലോട്ടും
ഒരു നാള്‍ അവ കൂട്ടി മുട്ടും
കണക്കുസാറിന്റെ തിയറങ്ങള്‍ തെറ്റും
ആള്‍ട്ടര്‍നേറ്റ്‌ ഇന്റീരിയര്‍ ആംഗിളുകള്‍ തുല്യമല്ലാതാകും
കണക്കു പരീക്ഷയ്ക്ക്‌ പാസുമാര്‍ക്കു കിട്ടും
പിന്നെ ജീവിതത്തിലെ പാസുമാര്‍ക്കിനെ പേടിച്ചാല്‍ മതി
അവള്‍ക്കപ്പോള്‍ സ്വന്തം ഭാഗ്യരേഖകള്‍ മാത്രം നോക്കിയിരിക്കാം
ദാരിദ്ര്യ രേഖയെങ്ങാനും വളഞ്ഞുവന്നതില്‍
കൂട്ടിമുട്ടാതെ നോക്കിയാല്‍ മതി
എട്ട്‌-ബി യിലെ ശ്രീരേഖയ്ക്ക്‌ ‌പ്രതീക്ഷയുണ്ട്‌
ജീവിതത്തിന്റെ കണക്കുകള്‍ ശരിയാകും
തിയറങ്ങള്‍ തെറ്റാതിരിക്കും

8 comments:

ഇട്ടിമാളു അഗ്നിമിത്ര said...

എന്നാലും ശ്രീരേഖ ആളൊരു പുലിയാണല്ലോ.. എന്തൊരു മുടിഞ്ഞ കോണ്‍ഫിഡെന്‍സ്.....നല്ല ആശയം ...

Anonymous said...

Nice post..

ഉമേഷ്::Umesh said...

രേഖയോടു റീമാന്റെ (റീമയുടെയും കലേഷിന്റെയുമല്ല)നോണ്‍-യൂക്ലീഡിയന്‍ ജ്യോമട്രി വായിക്കാന്‍ പറയൂ. യൂക്ലീഡിയന്‍ ജ്യോമട്രിയിലെ സമാന്തരരേഖകള്‍ അവിടെ കൂട്ടിമുട്ടും.

ഓഫ്‌ടോപ്പിക്കിനു മാപ്പു് :)

സുധീഷ്‌/Sudheesh said...

ഇട്ടിമാളുവിന്‌ - ഇല്ലാത്ത കോണ്‍ഫിഡന്‍സുകള്‍ ഉണ്ടെന്ന് കാണിക്കുന്നതല്ലേ ആധുനികം - വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
സുനില്‍ - നന്ദി :)
ഉമേഷ്‌ - ജോമെട്രി വല്യ പിടിയില്ലാത്തതാണല്ലോ വിഷമം

Unknown said...

സുധീഷ് മാഷേ,
കവിത നന്നായിട്ടുണ്ട്. ഞാന്‍ ഈ വഴി ആദ്യമായിട്ടാണെന്ന് തോന്നുന്നു. ഇനിയും കാണാം. :-)

വിഷ്ണു പ്രസാദ് said...

ഈ ബ്ലോഗ് ഇതേവരെ കാണാതെ പോയി.കവിത കൊള്ളാം.പാലക്കാട് ജില്ലയില്‍ എവിടെയാണ്?

Unknown said...

സമാന്തര രേഖകള്‍ കൂട്ടിമുട്ടുമ്പോള്‍
ആ ഒരന്തരമില്ലാതെയാകും.

‘ദാരിദ്ര്യ രേഖയെങ്ങാനും വളഞ്ഞുവന്നതില്‍
കൂട്ടിമുട്ടാതെ നോക്കിയാല്‍ മതി‘

എല്ലാരും പേടിക്കുന്നതാ രേഖയെയാണല്ലോ.

സുധീഷ്‌/Sudheesh said...

ദില്‍ബാസുരാ- കാണണം, വീണ്ടും. കാണാതെ പറ്റില്ലല്ലോ
വിഷ്ണുപ്രസാദ്‌ - നന്ദി. പാലക്കാട്‌ ജില്ലയില്‍ പല്ലശ്ശന എന്ന ദേശത്ത്‌ ജീവസന്ധാരണാര്‍ത്ഥം വാസം. ജന്മം തിരുവനന്തപുരത്ത്‌
പൊതുവാള്‍ജി - രേഖകളെ കൂട്ടിമുട്ടാതെ നടക്കാന്‍ വയ്യാത്ത ഈ ലോകത്ത്‌ ആവശ്യത്തിനുള്ള രേഖകള്‍ കൈവശമില്ലാത്തവരും ധാരാളമുണ്ടല്ലോ. സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി.